ഒറ്റപ്പാലം: വേനല്‍ കനത്തതോടെ ഭാരതപ്പുഴ വറ്റിത്തുടങ്ങി. പുഴയുടെ ഭൂരിഭാഗം പ്രദേശങ്ങളും വറ്റിവരണ്ട സ്ഥിതിയാണ്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി 444 കുടിവെള്ള പദ്ധതികള്‍ പ്രവർത്തിക്കുന്ന ഭാരതപ്പുഴ വറ്റിയതോടെ ഇതിനെ ആശ്രയിച്ചു കഴിയുന്നവര്‍ വലിയ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
ഈ നില തുടർന്നാൽ ഭൂരിഭാഗം കുടിവെള്ള പദ്ധതികള്‍ക്കും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമേ ഇനി വെള്ളം എടുക്കാന്‍ കഴിയുകയുള്ളുവെന്നാണ് സൂചന.
ഇങ്ങനെ വന്നാൽ കുടിവെള്ളത്തിന് ജനങ്ങൾ ശരിക്കും വലയും. മൂന്ന് ജില്ലകളിലായി 175 പഞ്ചായത്തുകള്‍, എട്ട് മുനിസിപ്പാലിറ്റികള്‍, 444 കുടിവെള്ള പദ്ധതികള്‍, ഭാരതപ്പുഴയിലെ വെള്ളത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കുറച്ചല്ല.
കൃഷിക്കായി നാനൂറിലധികം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളുണ്ട്. കന്നുകാലികളും മൃഗങ്ങളും ഭാരതപ്പുഴയെ ആശ്രയിക്കുന്നുണ്ട്. എന്നാൽ പുഴയുടെ അവസ്ഥ ഇപ്പോള്‍ തന്നെ ദയനീയമാണ്. ഇനി വേനൽമഴ കഴിഞ്ഞാൽ മാത്രമേ രൂക്ഷമായ കുടിവെള്ളക്ഷാമത്തിലേക്ക് നാടും നഗരവും എത്തിച്ചേരാതിരിക്കൂ. മണല്കോരിയ ചെറിയ ചാലുകളിലും തടയണകള്‍ കെട്ടിയ ഭാഗത്തും മാത്രമാണ് കാര്യമായി വെള്ളമുള്ളത്.
ഇത് തന്നെ ആവശ്യത്തിനില്ല. വര്‍ഷക്കാലത്തെ മൂന്ന് മാസം മാത്രമാണ് മുഴുവന്‍ ഭാഗത്തേക്കും വെള്ളം വ്യാപിക്കുന്നത്. അശാസ്ത്രീയമായ മണല്‍വാരലാണ് ഭാരതപ്പുഴയെ ഈ നിലയിലെത്തിച്ചത്. പുഴ വറ്റിയതോടെ സമീപപ്രദേശങ്ങളിലും ജലക്ഷാമവും രൂക്ഷമായിക്കഴിഞ്ഞു. കുടിവെള്ളത്തിന് കുഴല്‍കിണറുകളെ ആശ്രയിച്ചിരുന്നവരും പ്രതിസന്ധിയിലാണ്.
ഭാരതപ്പുഴയുടെ പല ഭാഗങ്ങളിലും മരങ്ങളും ചെടികളുമാണ്. മാലിന്യം നിക്ഷേപിക്കുന്നതിനുള്ള സ്ഥലമായി പലരും തെരഞ്ഞെടുക്കുക കൂടി ചെയ്തതോടെ ഭാരതപ്പുഴ വലിയ പാരിസ്ഥിതിക പ്രശ്നം കൂടിയായി മാറി. ഇതിനിടയിലാണ് ഭാരതപ്പുഴയുടെ വൃഷ്ടിപ്രദേശങ്ങളിൽ വ്യാപകമായ കൈയേറ്റം നടന്നുവരുന്നത്. വേനൽക്കാലത്ത് പുഴയുടെ അടിക്കാടുകൾക്ക് തീടുന്നതും വ്യാപകമായി തീർന്നിട്ടുണ്ട്.